തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. എള്ളുവിള കോളനിയിലെ മണിയൻ-ബീന ദമ്പതികളുടെ മകൻ രാഹുൽ ആണ് മരിച്ചത്. കാട്ടാക്കട നെയ്യാർ മെഡിസിറ്റിക്ക് മുന്നിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാഹുൽ അജികുമാർ എന്നയാളെയാണ് പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട ഉസ്മാൻ എന്ന മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. എന്നാൽ രാഹുലിനെ കുത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിന് പിന്നിൽ ബൈക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് വിവരം. രാഹുൽ അജികുമാർ തന്റെ ബൈക്ക് ശ്രീക്കുട്ടൻ എന്നയാൾക്ക് 10,000 രൂപയ്ക്ക് വിറ്റിരുന്നു. ഇതിൽ 6,000 രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി തുക ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ശ്രീക്കുട്ടന്റെ സഹോദരിയോട് ഇയാൾ മോശമായി സംസാരിച്ചു. ഈ വിവരം അറിഞ്ഞ രാഹുൽ, രാഹുൽ അജികുമാറിനെയും സുഹൃത്ത് ഉസ്മാനെയും കാണാൻ എത്തി.
തർക്കത്തിനിടെ താക്കോൽക്കൂട്ടം ഉപയോഗിച്ച് രാഹുലിനെ കുത്തുകയായിരുന്നു. താക്കോൽക്കൂട്ടത്തിനുള്ളിൽ പേനകത്തി ഉണ്ടായിരിക്കാമെന്ന സംശയവും ഉണ്ട്. ഗുരുതരമായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക വിവരം. മൃതദേഹം നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




