മഴ പെയ്യുമ്പോൾ ഓഫീസിൽ പോകാൻ മടിയുള്ളവർ പലരുണ്ട്. അത്തരത്തിൽ, കനത്ത മഴക്കാലത്ത് ശമ്പളത്തോടുകൂടിയ അവധി നൽകിയിരിക്കുകയാണ് ചൈനയിലെ ഒരു കമ്പനി. പ്രമുഖ സ്നാക്സ് ബ്രാൻഡായ ‘മാല വാങ്‌സി’ ജീവനക്കാർക്ക് ഏഴ് ദിവസത്തെ ‘റെയിൻ ലീവ്’ അനുവദിച്ചതാണ് ശ്രദ്ധ നേടുന്നത്.
ഹുനാൻ പ്രവിശ്യയിലെ ചാങ്ഷാ നഗരത്തിൽ പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ മാർച്ച് മുതൽ ജൂൺ വരെ കനത്ത മഴയാണ് പതിവ്. മഴക്കാലത്ത് യാത്ര ബുദ്ധിമുട്ടാണെന്ന് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന്, കമ്പനി ഉടമയുടെ മകൻ ഇതിന് വ്യത്യസ്തമായ പരിഹാരം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ഓൺലൈൻ മാർക്കറ്റിംഗ് വിഭാഗം നയിക്കുന്ന യുവാവാണ് ഈ ആശയത്തിന് പിന്നിൽ.
ഇതിനായി കമ്പനി ഒരു ലോട്ടറി സംഘടിപ്പിച്ചു. കമ്പനിയുടെ ഗേറ്റിൽ വെച്ച് നടത്തിയ ഡ്രോയിലൂടെ ഭാഗ്യശാലികളായ ജീവനക്കാർക്ക് ഏഴ് ദിവസത്തെ ശമ്പളത്തോടുകൂടിയ മഴ അവധി ലഭിച്ചു. കൂടാതെ ഓട്ടോമാറ്റിക് ഡ്രയറുകൾ, റെയിൻ ബൂട്ടുകൾ, കുടകൾ, ഹെയർ ഡ്രയറുകൾ, ഡീഹ്യുമിഡിഫയറുകൾ തുടങ്ങിയ ഉപകരണങ്ങളും സമ്മാനമായി നൽകി.
മഴ കാരണം വൈകി ഓഫീസിലെത്തുന്നവർക്ക് ശിക്ഷ ഒഴിവാക്കാൻ ‘ലേറ്റ്-ഫോർ-വർക്ക്’ പാസുകളും വിതരണം ചെയ്തു. “90 ദിവസത്തിൽ 82 ദിവസവും മഴ പെയ്യുന്ന നഗരമാണിത്. ജീവനക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഈ റെയിൻ ലീവ് ലോട്ടറി സംഘടിപ്പിച്ചത്,” എന്ന് കമ്പനി പ്രതിനിധി പറഞ്ഞു.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജീവനക്കാരോട് സൗഹൃദപരമായ സമീപനം സ്വീകരിച്ച കമ്പനിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.




