കോട്ടയം: വിരമിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരിയുടെ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം അനധികൃതമായി പ്രദർശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കോട്ടയം എസ്പിയോട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി.
ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോൾ തച്ചങ്കരിയുടെ കാറിന്റെ നമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നമാണ് ശ്രദ്ധയിൽപ്പെട്ടത്. നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ഉടൻ തന്നെ ബോർഡ് നീക്കാൻ ശ്രമിക്കുകയും വാഹനം സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.
വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും ഈ ചിഹ്നം ഉപയോഗിച്ചിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള നക്ഷത്ര ചിഹ്നമുള്ള വാഹനം ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പരാതികളും ഉയർന്നു.
ഇതിനുപുറമേ, തച്ചങ്കരി ഇപ്പോഴും പോലീസിന്റെ ഔദ്യോഗിക സീരിസിലുള്ള ഫോൺ നമ്പർ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷവും നമ്പർ മാറ്റിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഈ നമ്പർ എങ്ങനെ തുടർന്നും ഉപയോഗിക്കുന്നുവെന്ന കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നു.
സാധാരണയായി പോലീസിന്റെ നമ്പർ സീരിസ് ബിഎസ്എൻഎൽ വഴിയാണ് ലഭിക്കുന്നത്. എന്നാൽ തച്ചങ്കരി ഉപയോഗിക്കുന്ന നമ്പർ മറ്റൊരു സേവനദാതാവിന്റേതാണെന്നതും സംശയം ഉയർത്തുന്നുണ്ട്. വിരമിച്ചതിന് ശേഷം ഔദ്യോഗിക നമ്പർ പോർട്ട് ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചുവരികയാണ്.




