തിരുവനന്തപുരം: വേനൽക്കാലത്തും അമീബിക് മസ്തിഷ്‌കജ്വരം പോലെയുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മസ്തിഷ്‌കജ്വരം ബാധിക്കുന്നവർക്ക് അമീബിക്ക് മസ്തിഷ്‌കജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലേയും മൈക്രോബയോളജി വിഭാഗത്തിൽ അമീബ കണ്ടെത്താനുള്ള സംവിധാനമുണ്ട്. മസ്തിഷ്‌കജ്വരത്തിന്റെ രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി.




