തിരുവനന്തപുരം: വർക്കലയിൽ അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരുനിലക്കോട് കയർ ഫാക്ടറിക്ക് സമീപം ഐഎസ് ഭവനിൽ സരിതയാണ് ആക്രമണത്തിന് ഇരയായത്. ലഹരി ഉപയോഗിച്ചിരുന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
അക്രമം തടയാൻ എത്തിയ സരിതയുടെ പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള മകനും പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കരുനിലക്കോട് കയർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന അച്ചുവിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
സരിതയുടെ ഉടമസ്ഥതയിൽ നിർമാണം നടക്കുന്ന വീട്ടിലേക്ക് പ്രതിയുടെ വീട്ടിൽ നിന്ന് താൽക്കാലിക വൈദ്യുതി കണക്ഷൻ നൽകിയിരുന്നു. ഇത് അറിയിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
തർക്കത്തിനിടെ തടി കഷണം ഉപയോഗിച്ച് പ്രതി വീട്ടമ്മയുടെ തലയ്ക്ക് അടിക്കുകയും മുഖത്തും കഴുത്തിലും മർദ്ദിക്കുകയും ചെയ്തതായി പറയുന്നു.സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് വിവരമറിഞ്ഞ് എത്തിയ വർക്കല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ ആരംഭിച്ചു.




