കൊല്ലം: കടുത്ത വരൾച്ചയെ തുടർന്ന് ജലസേചന വകുപ്പിന്റെ കല്ലട–പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വൃഷ്ടിപ്രദേശങ്ങളിൽ വേനൽ മഴ കുറവായതും പോഷകനദികൾ വരണ്ടതുമാണ് പ്രധാന കാരണം. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ നിലവിലെ ജലനിരപ്പ് 98.46 മീറ്ററായി കുറഞ്ഞു. കഴിഞ്ഞ 13-ന് ഇത് 100.54 മീറ്ററായിരുന്നു. ജലനിരപ്പ് 95 മീറ്ററിന് താഴെയായാൽ കനാൽ ജലസേചനവും വൈദ്യുതോൽപ്പാദനവും പ്രതിസന്ധിയിലാകുമെന്ന് അധികൃതർ അറിയിച്ചു.
അണക്കെട്ടിൽ ഇപ്പോൾ ഏകദേശം 34 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കല്ലട പവർ ഹൗസിൽ വൈദ്യുതി ഉൽപാദനത്തിനായി വെള്ളം തുറന്നു വിടുന്നതും ജലനിരപ്പ് താഴാൻ കാരണമാകുന്നുണ്ട്. സെക്കൻഡിൽ 12.47 എം ക്യൂബ് വെള്ളമാണ് നിലവിൽ തുറന്നുവിടുന്നത്. പവർ ഹൗസിൽ ഒരു ജനറേറ്റർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
മറ്റൊന്ന് അറ്റകുറ്റപ്പണിയിലാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ ബോട്ടിംഗ്, കുട്ടവഞ്ചി സവാരികൾക്ക് ഇപ്പോൾ തടസ്സമില്ല. എന്നാൽ പള്ളംവെട്ടി പ്രദേശത്തെ ശുചിമുറികൾ അടച്ചതോടെ സന്ദർശകർക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.




