ടെഹ്റാൻ: സുന്നി തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദലുമായി ബന്ധപ്പെട്ട ഒരാളെ ഇറാനിൽ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തെക്കുകിഴക്കൻ ഇറാനിൽ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ പിടിയിലായ ആമേർ രമേശ് എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഇറാനിലെ സിസ്റ്റാൻ–ബലൂചെസ്ഥാനിൽ സജീവമായ ജെയ്‌ഷ് അൽ-അദൽ ഒരു തീവ്ര സുന്നി സായുധസംഘടനയാണ്. ഈ മേഖലയിലാകെ സുരക്ഷാസേനയും സായുധസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവാണ്.
നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചതെന്നും പിന്നീട് ഇറാന്റെ പരമോന്നത കോടതി അത് ശരിവെച്ചതായും റിപ്പോർട്ടുണ്ട്. ഭീകരസംഘടനകളുമായി ബന്ധമുള്ളവർക്കും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമെതിരെ കർശന നടപടികൾ തുടരുമെന്ന നിലപാടിലാണ് ഇറാൻ.
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരായ ശക്തമായ മുന്നറിയിപ്പാണ് ഈ വധശിക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, ഇറാനിൽ വർധിച്ചുവരുന്ന വധശിക്ഷകൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ തുടർച്ചയായി ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.




