കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽ കൈക്കൂലി വാങ്ങി പ്രവാസികൾക്കെതിരെ വ്യാജ കേസുകൾ ചുമത്തിയ സൈനിക ഉദ്യോഗസ്ഥന് കോടതി 10 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. ജഡ്ജി അബ്ദുൾ വഹാബ് അൽ മുഐലി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് തലസ്ഥാന ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ ശിക്ഷിച്ചത്. തടവിനൊപ്പം 800 കുവൈത്ത് ദിനാർ പിഴയും ചുമത്തി. കൂടാതെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു.
അന്വേഷണത്തിൽ, ഉദ്യോഗസ്ഥൻ തന്റെ പദവി ദുരുപയോഗം ചെയ്ത് പ്രവാസികൾക്കെതിരെ അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തിയതായി കണ്ടെത്തി. നാടുകടത്തൽ ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്‌തും ഭീഷണിപ്പെടുത്തിയും ഇയാൾ കൈക്കൂലി വാങ്ങിയിരുന്നു.
സുരക്ഷാ വിഭാഗത്തിന്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായ പ്രവൃത്തിയാണ് ഇതെന്നും കോടതി പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കായി അധികാരം ദുരുപയോഗം ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും കോടതി വിലയിരുത്തി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന മുന്നറിയിപ്പും അധികൃതർ നൽകി.




