മസ്കറ്റ്: ഒമാനിലെ മസ്കറ്റിൽ നടത്തിയ കർശന പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കറ്റ് ഗവർണറേറ്റ് പൊലീസ് കമാൻഡും സ്പെഷ്യൽ ടാസ്ക്സ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് മേഖലകളിൽപ്പെട്ട വിവിധ രാജ്യക്കാരാണ് പിടിയിലായത്.
തൊഴിൽ നിയമങ്ങളും വിദേശ താമസ നിയമങ്ങളും ലംഘിച്ചതിന് പുറമെ പൊതുധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളിലും ഇവർ ഏർപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. ചിലരുടെ കൈവശം മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ, കൃത്രിമ നാണയങ്ങൾ എന്നിവയും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ തുടരുകയാണ്.




