ചെന്നൈ: ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ 5000 ക്ലബ്ബിലെത്തുന്ന പത്താമത്തെ ബാറ്ററെന്ന നേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. 2013ലാണ് സഞ്ജു ആദ്യമായി ഐപിഎല്ലില്‍ എത്തുന്നത്. രാജസ്ഥാന്റെ ജേഴ്സിയിൽ കളി തുടങ്ങിയ സഞ്ജു സിഎസ്കെയുടെ മഞ്ഞ കുപ്പായത്തിലാണ് 5000 റൺസ് തികയ്ക്കുന്നത്. 185 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 5000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. 3555 പന്തുകളാണ് തന്റെ ഐപിൽ കരിയറിൽ സഞ്ജു നേരിട്ടിട്ടുള്ളത്. 3288 പന്തില്‍ 5000 റണ്‍സ് തികച്ച എ ബി ഡിവല്ലിയേഴ്സ്, 3554 പന്തില്‍ 5000 ക്ലബ്ബിലെത്തിയ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ സൂപ്പർ സൺഡേ മത്സരത്തില്‍ 15 പന്തില്‍ 11 റണ്‍സെടുത്ത് സഞ്ജു പുറത്തായിരുന്നു.




