കൊച്ചി: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. വിദേശ രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗം നിയന്ത്രണങ്ങളോടെ നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു. ആംസ്റ്റർഡാമിൽ കഞ്ചാവ് കഫേകൾ ഉണ്ടെന്നും ഇംഗ്ലണ്ടിൽ ഇതിനെ വലിയ കുറ്റമായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംഡിഎംഎ പോലുള്ള രാസലഹരികളേക്കാൾ കഞ്ചാവ് കുറച്ച് അപകടകാരിയാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യപാനം മൂലം കരൾ നശിക്കുന്ന കേസുകൾ കൂടുതലാണെന്നും അതിനോട് താരതമ്യപ്പെടുത്തുമ്പോൾ കഞ്ചാവ് അത്ര വലിയ ദോഷം ചെയ്യില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. “റെസ്പോൺസിബിൾ ഡ്രിങ്കിംഗ്” പോലെ “റെസ്പോൺസിബിൾ കഞ്ചാവ് ഉപയോഗം” പഠിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മദ്യവും ബിയറും നിയന്ത്രിതമായി വ്യാപകമാക്കി ലഹരിമരുന്ന് ഉപയോഗം കുറയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സംസ്ഥാനത്തെ പൊതുമരാമത്ത് മേഖലയിൽ വലിയ അഴിമതികൾ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. 230 കോടി രൂപയുടെ റോഡ് നിർമ്മാണ കരാറിൽ 65 കോടി രൂപ ലാഭം ലഭിക്കുന്ന രീതിയിൽ വ്യവസ്ഥകൾ മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഫയൽ പരിശോധിച്ചതിന് പിന്നാലെ തന്നെ സ്ഥാനമാറ്റം ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ചെറിയ ചെലവുകൾ വാർത്തയാകുമ്പോൾ വലിയ അഴിമതികൾ ശ്രദ്ധിക്കപ്പെടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.




