റിയാദ്: പുണ്യനഗരമായ മക്കയിലെ അൽ ഹജ്ല പ്രദേശത്ത് ആൾതാമസമില്ലാത്ത കെട്ടിടം തകർന്നു വീണു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പഴക്കംചെന്ന ഈ കെട്ടിടം മുൻപ് തന്നെ പൊളിച്ചു നീക്കാൻ അധികൃതർ നിർദേശിച്ചിരുന്നതായി നഗരസഭ അറിയിച്ചു. അപകടം ഉണ്ടായതിനെ തുടർന്ന് ഉടൻ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്ന കെട്ടിടത്തിന് സമീപമുള്ള ഹോട്ടലുകളും താമസസ്ഥലങ്ങളും മുൻകരുതലായി ഒഴിപ്പിച്ചു. തീർത്ഥാടകരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. കെട്ടിടത്തിൽ ആളുകൾ താമസിച്ചിരുന്നില്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ തുടരുകയാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.




