ന്യൂഡൽഹി: മെയ് മാസത്തിൽ എൽപിജി സിലിണ്ടർ ബുക്കിംഗ് നിയമങ്ങളിൽ പുതിയ പരിഷ്കരണങ്ങൾ വരാൻ സാധ്യതയുണ്ടെന്ന സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ഊർജ്ജ വിതരണ ശൃംഖലയിൽ ഉണ്ടായ പ്രതിസന്ധി, ഡെലിവറി വൈകൽ, വിലവർധന എന്നിവയെ തുടർന്ന് ബുക്കിംഗ് സംവിധാനങ്ങളിലും മാറ്റങ്ങൾ പരിഗണിക്കുകയാണ്.
ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ എണ്ണ വിപണന കമ്പനികൾ എൽപിജി വിതരണവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ ചർച്ച ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
സമീപകാലത്ത് 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ 60 രൂപയുടെ വർധനയും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായ ഉയർച്ചയും രേഖപ്പെടുത്തിയിരുന്നു. 2026 ഏപ്രിലിൽ മാത്രം മെട്രോ നഗരങ്ങളിൽ വാണിജ്യ സിലിണ്ടർ വില 196 രൂപ വരെ ഉയർന്നിരുന്നു.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം, സിലിണ്ടർ ബുക്കിംഗുകൾക്കിടയിലെ ലോക്ക്-ഇൻ കാലയളവ് 25 ദിവസത്തിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ട്. കൂടാതെ OTP അടിസ്ഥാനമാക്കിയുള്ള ഡെലിവറി സംവിധാനവും കൂടുതൽ വ്യാപിപ്പിക്കാനാണ് ആലോചന.
ഓൺലൈൻ ബുക്കിംഗ് ഇതിനകം 98 ശതമാനമായി ഉയർന്നതും, ഡെലിവറി ഓതന്റിക്കേഷൻ കോഡ് (DAC) സംവിധാനം 94 ശതമാനത്തോളം വ്യാപിച്ചതുമാണ് സർക്കാർ വ്യക്തമാക്കുന്നത്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വാണിജ്യ എൽപിജി വിതരണം മുൻഗണനയിലാണ്.
ഇതിനൊപ്പം PMUY ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത eKYC നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ സാമ്പത്തിക വർഷത്തിലും ഒരിക്കൽ മാത്രം eKYC നടത്താമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് മാറുന്നതിന് സർക്കാർ പ്രോത്സാഹനം നൽകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ. പുതിയ ഗാർഹിക എൽപിജി കണക്ഷനുകൾക്ക് നിയന്ത്രണവും, പിഎൻജിയിലേക്ക് മാറാത്തവർക്ക് മൂന്ന് മാസത്തിനുശേഷം എൽപിജി വിതരണം നിർത്തിവയ്ക്കാമെന്ന നിർദ്ദേശവും പരിഗണനയിലാണ്.




