പത്തനംതിട്ട: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. തിങ്കളാഴ്ച ഒരു കിലോഗ്രാമിന് 270 രൂപവരെ വിലയെത്തി. ചില്ലറ കടകളിൽ കാൽ കിലോയ്ക്ക് ഏകദേശം 70 രൂപയാണ് ഈടാക്കുന്നത്. ഒരു മാസം മുമ്പ് നൂറ് രൂപയിൽ താഴെയായിരുന്ന വിലയാണ് ഇത്രയും ഉയർന്നത്. വിഷു സമയത്ത് 180 രൂപയുണ്ടായിരുന്ന നാരങ്ങാവില ഒരാഴ്ചക്കകം 200 രൂപ കടന്നിരുന്നു. ഇപ്പോൾ വില കൂടുതൽ ഉയർന്നതോടെ സാധാരണക്കാർക്ക് ഇത് വാങ്ങാൻ ബുദ്ധിമുട്ടായി.
വേനൽ ചൂട് കൂടിയതോടെ നാരങ്ങാവെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നവർക്കും ചെലവ് കൂടിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും നാരങ്ങാവെള്ളത്തിന് 20 രൂപയിൽ നിന്ന് 25 രൂപയായി വില ഉയർന്നു.
ഒരു നാരങ്ങ ഉപയോഗിച്ച് രണ്ട് ഗ്ലാസ് നാരങ്ങാവെള്ളം തയ്യാറാക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്ന് വ്യാപാരികൾ പറയുന്നു. പ്രധാനമായും തമിഴ്നാട് നിന്നും നാരങ്ങ എത്തുന്നതിനാൽ ഉൽപാദന കുറവും വില വർധനവിന് കാരണമായി. വേനൽ ശക്തമായതോടെ ഉൽപാദനം കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് വില ഉയരാൻ കാരണം എന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.




