ഒഡിഷ: ഒഡിഷയിലെ കീയോഞ്ചാൽ ജില്ലയിൽ മരിച്ചുപോയ സഹോദരിയുടെ അസ്ഥിക്കൂടവുമായി ബാങ്കിലെത്തി വൃദ്ധൻ. സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ ബാക്കി ഉണ്ടായിരുന്ന തുക പിൻവലിക്കാൻ എത്തിയ ജിതു മുണ്ടയ്ക്ക് പണം നൽകാൻ അധികൃതർ ഉപാധികൾ വെച്ചു. പണം പിൻവലിക്കാൻ എത്തിയ വൃദ്ധനോട് അക്കൗണ്ട് ഉടമ നേരിട്ട് വരണം അല്ലെങ്കിൽ പണത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകൾ വേണമെന്നാണ് ബാങ്ക് മാനേജർ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് മറ്റ് മാർഗമില്ലാതെ അദ്ദേഹം അസ്ഥിക്കൂടവും ചുമന്ന് ബാങ്കിൽ എത്തിയത്. രണ്ട് മാസം മുമ്പാണ് അദ്ദേഹത്തിന്റെ സഹോദരി കാക്ര മുണ്ട മരിച്ചത്. കാക്രയുടെ അസ്ഥിക്കൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം നടന്നാണ് അദ്ദേഹം എത്തിയത്.




