കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തർക്കമെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ സി.പി.എം സൈബർ ഹാൻഡിലുകളാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷത്തിന് അനുകൂലമായി പ്രചാരണം നടത്തിയ അക്കൗണ്ടുകളാണ് ഇപ്പോൾ കോൺഗ്രസിനെതിരെ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാരിന്റെ സ്വാധീനം ഇപ്പോഴും ചില ഉദ്യോഗസ്ഥരിൽ നിലനിൽക്കുന്നുണ്ടെന്നും, അതിന് ഉദാഹരണമാണ് വടകരയിൽ പ്രസവിച്ചുകിടക്കുന്ന സ്ത്രീയുടെ വീട്ടിൽ റെയ്ഡ് നടത്തിയ സംഭവം എന്നും അദ്ദേഹം വിമർശിച്ചു.
2019ലെ പ്രളയം മനുഷ്യനിർമിതമാണെന്ന തന്റെ ആരോപണം ശരിവെക്കുന്നതാണ് മുൻ ഉദ്യോഗസ്ഥനായിരുന്ന ബിജു പ്രഭാകർ പുറത്തിറക്കിയ പുസ്തകമെന്നും കുഴൽനാടൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാർ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ അവസാന ഘട്ടത്തിൽ യഥാർത്ഥ സ്വഭാവം പുറത്തുവരുന്നുവെന്നും, ഒരു മന്ത്രി പോലും മൊഴി മാറ്റിപ്പറഞ്ഞ സംഭവം അതിന് ഉദാഹരണമാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.




