മുള്ളൻപൂര്‍: ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ പഞ്ചാബിനെ വീഴ്ത്തി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഉയർത്തിയെങ്കിലും നാല് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാൻ അത് മറികടന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ യശസ്വി ജയ്സ്വാളും ഡൊണോവന്‍ ഫെരേരയും തകര്‍ത്തടിച്ച വൈഭവ് സൂര്യവംശിയും ശുഭം ദുബെയുമാണ് രാജസ്ഥാന്റെ വിജയത്തിന് പിന്നിൽ. 26 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഡൊണോവന്‍ ഫെരേരയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 222 റണ്‍സെടുത്തത്. 22 പന്തില്‍ ആറ് സിക്സും നാലു ഫോറും പറത്തി പുറത്താകാതെ 62 റണ്‍സെടുത്ത സ്റ്റോയ്നിസാണ് 200ല്‍ ഒതുങ്ങുമായിരുന്ന പഞ്ചാബ് സ്കോറിനെ 222 റണ്‍സിലെത്തിച്ചത്. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന്റെ ആദ്യ തോൽവിയാണിത്. ജയത്തോടെ രാജസ്ഥാന് 9 മത്സരങ്ങളില്‍ 12 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും 13 പോയന്റുള്ള പഞ്ചാബ് തന്നെയാണ് ഒന്നാമൻ.




