കാസർകോട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് ആർ.എസ്.എസ് വേഷത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയിലാണ് നടപടി.
‘പടന്ന നാട്’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ എം.വി.സി മുഹമ്മദ് കുഞ്ഞി എന്ന വ്യക്തിയാണ് ചിത്രം ആദ്യം പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ചിത്രം സംസ്ഥാനത്തെ വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാപകമായി ഫോർവേഡ് ചെയ്യപ്പെട്ടതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള പ്രചരണം മതസ്പർധയ്ക്കും വർഗീയ സംഘർഷത്തിനും ഇടയാക്കാമെന്ന ആശങ്ക പ്രകടിപ്പിച്ച ലീഗ് കമ്മിറ്റി, ചിത്രം പ്രചരിപ്പിച്ച വ്യക്തിക്കുമൊപ്പം ഗ്രൂപ്പ് അഡ്മിൻ ബി.എസ്. ഷെറീഫിനുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




