കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ ആനക്കല്ലുംപാറയിലെ കിണറ്റിൽ പുലിയുടെയും പൂച്ചയുടെയും ജഡങ്ങൾ കണ്ടെത്തി. ആനക്കല്ലുംപാറയിലെ ഔസേപ്പിന്റെ വീടിനോട് ചേർന്ന, ആളില്ലാത്ത വീട്ടിന് സമീപമുള്ള കിണറ്റിലാണ് സംഭവം.
ബുധനാഴ്ച വൈകുന്നേരം പ്രദേശവാസികൾക്ക് കിണറ്റിൽ നിന്ന് ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജഡങ്ങൾ കണ്ടത്. ഏകദേശം നാല് വയസ്സ് പ്രായമുള്ള പെൺപുലിയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
മൂന്ന് മുതൽ നാല് ദിവസം പഴക്കമുള്ള ജഡങ്ങളാണ് കിണറ്റിൽ കണ്ടെത്തിയത്. മുമ്പും ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപ് ആനക്കല്ലുംപാറയിൽ ഒരു വീട്ടിൽ നിന്ന് പുലി പട്ടിയെ പിടിച്ചുകൊണ്ടുപോയി കൊന്നുതിന്ന സംഭവവും ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾപറഞ്ഞു.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന്റെയും ആനക്കാംപൊയിൽ സ്റ്റേഷന്റെയും കീഴിലുള്ള പീടികപ്പാറ സെക്ഷനിലാണ് പ്രദേശം വരുന്നത്. ആർ.ആർ.ടി. സംഘവും റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവിന്റെ നേതൃത്വത്തിൽ വനപാലകരും സ്ഥലത്തെത്തി ജഡങ്ങൾ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമ നടപടികൾ പിന്നീട് നടത്തും. പുലി പൂച്ചയെ വേട്ടയാടുന്നതിനിടെ കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.




