ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. ഇൻഡോർ–അഹമ്മദാബാദ് ദേശീയപാതയിൽ അമിത വേഗതയിൽ എത്തിയ പിക്കപ്പ് ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എതിർദിശയിൽ വന്ന എസ്‌യുവിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഏകദേശം 35 തൊഴിലാളികളുമായി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്ക് മൂന്നോ നാലോ തവണ മറിഞ്ഞ ശേഷം റോഡിന്റെ മറുവശത്തേക്ക് തെറിച്ച് എസ്‌യുവിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് മരണസംഖ്യ ഉയർന്നേക്കാമെന്ന് ധാർ ജില്ലാ ആശുപത്രി ഡോക്ടർ ഛത്രപാൽ സിംഗ് അറിയിച്ചു.




