ന്യൂയോർക്ക്: ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ അമേരിക്ക സന്ദർശിക്കുന്നതിനിടെ, ചരിത്രപ്രസിദ്ധമായ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ 11 ആക്രമണത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന ചടങ്ങിന് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
ഇന്ത്യൻ വംശജനായ മംദാനി, രാജാവുമായി സ്വകാര്യമായി സംസാരിക്കാനുള്ള അവസരം ലഭിച്ചാൽ കോഹിനൂർ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് അഭ്യർത്ഥിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഈ വിഷയം ഔദ്യോഗിക ചർച്ചകളുടെ ഭാഗമല്ലെന്നും വ്യക്തിപരമായ സംഭാഷണത്തിൽ ഉന്നയിക്കാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.
മംദാനിയും ചാൾസ് മൂന്നാമനും 9/11 സ്മാരകത്തിൽ നടന്ന ചടങ്ങിനിടെ കൂടിക്കാഴ്ച നടത്തിയെങ്കിലും, ഈ വിഷയം അവിടെ ചർച്ചയായോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. വിഷയത്തിൽ പ്രതികരിക്കാൻ ബക്കിംഗ്ഹാം കൊട്ടാരം തയ്യാറായില്ലെന്നും മേയറുടെ ഓഫീസ് കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യയിൽ ദീർഘകാലമായി കോഹിനൂർ വജ്രം തിരികെ നൽകണമെന്ന ആവശ്യം നിലനിൽക്കുന്നു. 105.6 കാരറ്റ് ഭാരമുള്ള ഈ വജ്രം വിവിധ രാജവംശങ്ങളിലൂടെ കടന്നുപോയ ശേഷം 1849-ലെ ലാഹോർ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി. അന്ന് ബാലനായിരുന്ന സിഖ് ഭരണാധികാരി മഹാരാജ ദുലീപ് സിങ്ങിനെ സമ്മർദ്ദത്തിലാക്കി വജ്രം കൈമാറിച്ചതാണെന്നതാണ് ഇന്ത്യയുടെ വാദം.
ഇപ്പോൾ ഈ വജ്രം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കിരീടത്തിൽ പതിപ്പിച്ച നിലയിലാണ്, ലണ്ടൻ ടവറിൽ പ്രദർശനത്തിനും വെച്ചിട്ടുണ്ട്. കൊളോണിയൽ ചൂഷണത്തിന്റെ പ്രതീകമായി കാണപ്പെടുന്ന ഈ വജ്രം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് വർഷങ്ങളായി ആവശ്യമുയരുന്നുണ്ട്.
എന്നാൽ 19-ാം നൂറ്റാണ്ടിലെ ഉടമ്പടികളുടെ അടിസ്ഥാനത്തിൽ വജ്രത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്ന നിലപാടിലാണ് ബ്രിട്ടൻ ഇപ്പോഴും നിലകൊള്ളുന്നത്. മുഗൾ, പേർഷ്യൻ, അഫ്ഗാൻ ഭരണാധികാരികൾ ഉൾപ്പെടെ നിരവധി ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ഈ വജ്രം ബ്രിട്ടീഷ് നിയന്ത്രണത്തിലായത്.




