എറണാകുളം: സംവിധായകന് സനോജ് മിശ്രയ്ക്കെതിരായ പോക്സോ കേസില്‍ കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി പോലീസ്. എറണാകുളം ജില്ലാ കോടതിയിലാണ് രഹസ്യ മൊഴിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചിരുന്നു. മോശമായി പെരുമാറിയതിന് സംവിധായകന് സനോജ് മിശ്രക്കെതിരെയും കേസെടുത്തിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ മധ്യപ്രദേശ് പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. മെയ് ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹേശ്വര് സ്റ്റേഷന് എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.




