കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി മമത ബാനർജി. ഈ പ്രവചനങ്ങൾ ബിജെപിയുടെ ഒത്തുകളിയിലൂടെ ഉണ്ടാക്കിയതാണെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനാണ് ഇതെന്ന് മമത ആരോപിച്ചു. ബിജെപി ഓഫിസുകളിൽ നിന്നാണ് ഇത്തരം കണക്കുകൾ പുറത്തുവരുന്നതെന്നും മമത പറഞ്ഞു. യഥാർത്ഥ ഫലങ്ങൾ പുറത്തുവന്നാൽ എല്ലാ കണക്കുകളും മാറിപ്പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
വോട്ടെണ്ണൽ സമയത്ത് യാതൊരു തരത്തിലുള്ള കൃത്രിമവും അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി. പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും വോട്ടെണ്ണൽ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മമത നിർദേശിച്ചു. ആവശ്യമെങ്കിൽ ഇവിഎം മെഷീനുകൾക്ക് താൻ തന്നെ കാവൽ നിൽക്കുമെന്നും അവർ പറഞ്ഞു. ബംഗാളിലെ 294 സീറ്റുകളിൽ 226-ൽ അധികം സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരം നിലനിർത്തുമെന്നാണ് മമതയുടെ ആത്മവിശ്വാസം. മേയ് 4ന് ഫലം പ്രഖ്യാപിക്കുമ്പോൾ തൃണമൂൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്നും അവർ പറഞ്ഞു.




