എറണാകുളം: കണ്ടനാട് പുന്നച്ചാൽ പാടശേഖരത്തിൽ നടൻ ശ്രീനിവാസന്റെ സ്മാരകം സ്ഥാപിച്ചു. ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30-ന് സിനിമാതാരം സിദ്ദിഖ് നിർവഹിക്കും. കൃഷിയെ ഏറെ സ്നേഹിച്ചിരുന്ന ശ്രീനിവാസന്റെ ഓർമ്മയ്ക്കായാണ് നെൽപ്പാടത്തിലെ സൂര്യകാന്തി തോട്ടത്തിനിടയിൽ സ്മാരകം നിർമ്മിച്ചത്. ഇവിടെ അദ്ദേഹം ദീർഘകാലം ജൈവകൃഷി ചെയ്തിരുന്നു.
ഉദയംപേരൂരിലെ കണ്ടനാട് പുന്നച്ചാൽ പാടശേഖരം ശ്രീനിവാസന്റെ ഓർമ്മകളാൽ നിറഞ്ഞിടമാണ്. മുൻപ് നെൽകൃഷി നടന്നിരുന്ന പാടത്തിൽ ഇപ്പോൾ വിവിധ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. എല്ലാം ജൈവരീതിയിലാണ്. കൂടാതെ സൂര്യകാന്തിപ്പൂവും ജമന്തിപ്പൂവും കാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. ഏകദേശം 15 ഏക്കറിലാണ് കൃഷി വ്യാപിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ചിത്രം കൊത്തിയ ഗ്രാനൈറ്റ് സ്മാരകസ്തൂപം പാടശേഖരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സൗത്തിന്റെ നേതൃത്വത്തിലാണ് സ്മാരകം ഒരുക്കിയത്. സ്മാരകത്തിനായി ഒരു സെന്റ് സ്ഥലം മനു ഫിലിപ്പ് തുകലൻ വിട്ടുനൽകി.
15 വർഷങ്ങൾക്ക് മുൻപ് ഉദയംപേരൂരിൽ 40 സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ച് താമസമാക്കിയ ശ്രീനിവാസൻ സമീപത്തുള്ള പുന്നച്ചാൽ പാടശേഖരത്തിൽ കൃഷി ആരംഭിച്ചു. 35 വർഷമായി തരിശായിരുന്ന പാടം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജൈവരീതിയിൽ വീണ്ടും കൃഷിയോഗ്യമാക്കി.ആദ്യത്തിൽ കുറച്ച് സ്ഥലത്ത് തുടങ്ങിയ നെൽകൃഷി പിന്നീട് 102 ഏക്കർ വരെ വ്യാപിച്ചു. ശ്രീനിവാസന്റെ ഇടപെടലിലൂടെ മറ്റു പ്രദേശങ്ങളിലേക്കും കൃഷി വ്യാപിച്ചു.




