തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി. മുഖ്യമന്ത്രിപ്പോരില്‍ പാര്‍ട്ടി പ്രതിരോധത്തിലായി ഇരിക്കുന്ന സമയത്തുള്ള ശിഹാബ് തങ്ങളുടെ പ്രസ്താവന അനുചിതമായെന്ന വിമര്‍ശനമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. വിഷയത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു മുസ്ലീം ലീഗ് നേതാവ് പരസ്യപ്രതികരണം നടത്തിയത്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ പരസ്യമായ അഭിപ്രായം പറയുന്നത് പതിവില്ല. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികള്‍ പരസ്യ അഭിപ്രായ പ്രകടനം നടത്തേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കളുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ലീഗ് നേതൃത്വത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചേക്കുമെന്നാണ് സൂചന.






