തിരുവനന്തപുരം: കണക്കുകൂട്ടലുകളുടേയും വിലയിരുത്തലുകളുടേയും ഉദ്വേഗത്തിന്റേയും കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേരളം ആര് ഭരിക്കുമെന്നു നാളെ അറിയാം. നാളെ രാവിലെ 8 മണി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. 9 മണിയോടെ ആദ്യ സൂചനകള്‍ പുറത്ത് വരും.
85നു മുകളില്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നു യുഡിഎഫ് ഉറപ്പിക്കുന്നു. എക്‌സിറ്റ് പോളുകളെ തള്ളി തുടര്‍ ഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. ചുരുങ്ങിയത് 2 സീറ്റെങ്കിലും നേടുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎ ക്യാംപിന്.
വിഡി സതീശന്‍ പറയുന്ന 100 സീറ്റിലേക്ക് എത്തുമോ എന്ന ആകാംഷ യുഡിഎഫ് ക്യാമ്പിനുമുണ്ട്. അതില്ലെങ്കില്‍ പോലും യുഡിഎഫിനു 80നു മുകളില്‍ സീറ്റുറപ്പാണെന്നു അവര്‍ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ യുഡിഎഫിനു മുന്‍തൂക്കമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളും അവരെ ആവേശം കൊള്ളിക്കുന്നു. എന്നാല്‍ ഇതെല്ലാം തകര്‍ത്ത് 75 സീറ്റുകള്‍ വരെ നേടി അധികാരം നിലനിര്‍ത്തുമെന്ന് തന്നെയാണ് ഇടതിന്റെ വിശ്വാസം.
നേമവും കഴക്കൂട്ടവും ഉറപ്പിക്കുന്ന ബിജെപി ഏതാനും ചില മണ്ഡലങ്ങളില്‍ അട്ടിമറി ജയവും പ്രതീക്ഷിക്കുന്നു. പാലക്കാട്, ചാത്തന്നൂര്‍ സീറ്റുകളിലും എന്‍ഡിഎ ജയം പ്രതീക്ഷിക്കുന്നു.




