തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. എക്‌സൈസ് വകുപ്പ് മദ്യവ്യാപനത്തിന് അനുകൂലമല്ലെന്നും ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
സഭാ സമ്മേളനത്തിന് ശേഷം എല്ലാ മേഖലകളുമായി ചർച്ച നടത്തി മദ്യനയത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രോഗ്രസീവ് ആയ നയമായിരിക്കും രൂപീകരിക്കുകയെന്നും അതിന് ശേഷമേ വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തിയതിലൂടെ വിൽപ്പന അനുവദിച്ചിട്ടില്ലെന്നും മദ്യനയം രൂപീകരിക്കാതെ വിൽപ്പനയ്ക്ക് അനുമതി നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു തുള്ളി മദ്യം പോലും വിൽക്കാൻ എക്സൈസ് കമ്മീഷണറുടെ അനുമതി ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീര്യം കുറഞ്ഞ മദ്യ നികുതി വിഷയത്തിൽ വി.എം. സുധീരന്റെ വിമർശനത്തോട് പ്രതികരിച്ച മന്ത്രി, “അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്” എന്നും പറഞ്ഞു.
സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതായി മന്ത്രി അറിയിച്ചു. ഓപ്പറേഷൻ തണ്ടർ ഉൾപ്പെടെ നടത്തിയ പരിശോധനകളിൽ 14,722 കേസുകൾ രജിസ്റ്റർ ചെയ്തതായും 185 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് “മയങ്ങില്ല കേരളം” എന്ന പേരിൽ സമഗ്ര പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും എല്ലാ താലൂക്കുകളിലും ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരി ഇടപാടുകൾ റിപ്പോർട്ട് ചെയ്യാൻ ജനജാഗ്രത പോർട്ടൽ ജൂലൈ 1 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.






