ന്യൂഡൽഹി: റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് പരാതി നല്‍കിയ ആറു വനിതാ ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി. കേസില്‍ ഇപ്പോള്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്.
അതിജീവിതകളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി പേര് വെളിപ്പെടുത്താതിരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വിനേഷ് വ്യക്തമാക്കി. നിയമ നടപടികള്‍ തുടരട്ടെയെന്ന നിലപാടിലായിരുന്നു താന്‍ എന്നും അവര്‍ പറഞ്ഞു. ‘ഇരകളുടെ പേരുകള്‍ പുറത്തുവിടരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങള്‍ കാരണം ഇപ്പോള്‍ വെളിപ്പെടുത്തേണ്ടിവന്നു. പരാതി നല്‍കിയ ആറ് പേരില്‍ ഒരാള്‍ ഞാനാണ്. ഞങ്ങളുടെ മൊഴികള്‍ ഇപ്പോഴും രേഖപ്പെടുത്തുകയാണ്’– സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വിനേഷ് പറഞ്ഞു.
ബ്രിജ് ഭൂഷണിന് ശക്തമായ സ്വാധീനമുള്ള ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ടൂര്‍ണമെന്റുകളും ട്രയല്‍സുകളും നടത്താനുള്ള ഫെഡറേഷന്റെ തീരുമാനമാണ് ഈ പ്രതികരണത്തിന് കാരണമായത്. ബ്രിജ് ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളേജിലാണ് ട്രയല്‍സ് നടക്കുന്നതെന്നും, ഇത് മത്സരത്തിന്റെ സുതാര്യതയെ ബാധിക്കാമെന്ന ആശങ്കയും വിനേഷ് പ്രകടിപ്പിച്ചു.




