പാലക്കാട്: ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ വിജയവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി. 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടി വിജയം സ്വന്തമാക്കിയത്. ശോഭ സുരേന്ദ്രൻ ജയിക്കുമെന്ന് എന്‍ഡിഎ കണക്കുകൂട്ടിയ മണ്ഡലമായിരുന്നു പാലക്കാട്. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി.
ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്. ഇടതില്‍ നിന്നും 2011 ല്‍ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ഷാഫി പറമ്പില്‍ വിജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ പാലക്കാട് ജയിച്ചു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് ലൈംഗികാരോപണക്കേസിൽ പ്രതിയായതും പാർട്ടിക്കുള്ളിൽ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭ എന്ന ഖ്യാതി കഴിഞ്ഞ 10 വർഷമായി പാലക്കാടിനുണ്ട്. കൗണ്ടിംഗ് തുടങ്ങി ഏറെ നേരം ശോഭ സുരേന്ദ്രന്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രമേശ് പിഷാരടി പതിയെ അതിനെ മറികടന്ന് ലീഡിലേക്ക് എത്തുകയായിരുന്നു.




