തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരണ നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് വേഗത്തിലാക്കുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നേതാക്കൾ ഇന്ന് നിർണായക ചർച്ചകൾ നടത്തും. എംഎൽഎമാർ, എംപിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ അഭിപ്രായം അറിയാൻ പ്രത്യേക നിരീക്ഷകരെ ഉടൻ നിയോഗിച്ചേക്കുമെന്നാണ് സൂചന. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് പാർട്ടിയുടെ ശ്രമം.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിക്കുള്ളിൽ ശക്തമായ നീക്കങ്ങൾ തുടരുകയാണ്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് കെസി പക്ഷം അവകാശപ്പെടുന്നു. കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസവും ഇവർക്കുണ്ട്.
മറ്റുവശത്ത്, എംഎൽഎമാരുടെ എണ്ണം മാത്രമല്ല പരിഗണിക്കേണ്ടതെന്നും ഘടകകക്ഷികളെ കൂടി ചേർത്ത് മുന്നോട്ട് പോകേണ്ടതുണ്ടെന്നുമാണ് വി.ഡി. സതീശൻ വിഭാഗത്തിന്റെ നിലപാട്. ഘടകകക്ഷികളുമായി സമവായം ഉറപ്പാക്കുന്നതിന് അദ്ദേഹം മുൻഗണന നൽകുന്നു. പദവി ലഭിക്കാത്ത സാഹചര്യമുണ്ടായാൽ സതീശൻ കടുത്ത നിലപാടുകളിലേക്ക് മാറാമെന്ന സൂചനകളും ഉയരുന്നു.
സീനിയോറിറ്റിക്കാണ് മുഖ്യമന്ത്രിസ്ഥാനത്തിൽ മുൻഗണന നൽകേണ്ടതെന്ന വാദവുമായി ചെന്നിത്തല വിഭാഗവും രംഗത്തുണ്ട്. ഇതോടെ പാർട്ടിക്കുള്ളിലെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായി മാറുകയാണ്.
എംഎൽഎമാർക്ക് പുറമെ എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങളും നിരീക്ഷകർ ശേഖരിക്കും.
എല്ലാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷമായിരിക്കും രാഹുൽ ഗാന്ധി അന്തിമ തീരുമാനം പ്രഖ്യാപിക്കുക. നിലവിൽ ആരുടെയും പേര് പാർട്ടി തള്ളിയിട്ടില്ല. കോൺഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകൾ ഉള്ളതിനാൽ ഘടകകക്ഷികളുടെ സമ്മർദ്ദം നിർണായകമാകില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും സമവായത്തിലൂടെ മുന്നോട്ടുപോകണമെന്നതാണ് നേതാക്കളുടെ പൊതുവായ നിലപാട്. ഉപമുഖ്യമന്ത്രി പദവി നിലവിൽ ചർച്ചകളിൽ ഇല്ലെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.




