ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇറാനും യുഎസ്സും തമ്മിലുള്ള സംഘർഷം ശക്തമാകുന്നു. സിവിൽ കപ്പലുകളെ ലക്ഷ്യമിട്ട ആറു ഇറാനിയൻ ബോട്ടുകൾ അമേരിക്കൻ സൈന്യം വെടിവെച്ച് തകർത്തതായി റിപ്പോർട്ടുണ്ട്. ഇതിനിടെ, വെടിനിർത്തൽ കരാർ ലംഘിച്ച് യുഎഇക്ക് നേരെ ഇറാനിൽ നിന്ന് മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും വിവരം ഉണ്ട്. ഇറാൻ വിക്ഷേപിച്ച 12 ബാലസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി അധികൃതർ അറിയിച്ചു.
എന്നാൽ ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രി മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായി. ഈ സംഭവത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. ഇവർക്കു വേണ്ട സഹായങ്ങൾ നൽകുന്നുവെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് താൽക്കാലിക അവധി പ്രഖ്യാപിച്ചു. മെയ് 5 മുതൽ മെയ് 8 വരെ പഠനം ഓൺലൈൻ വഴിയാകും നടക്കുക.




