ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടിൽ വലിയ ഒറ്റകക്ഷിയായി ഉയർന്നതിന് പിന്നാലെ നടൻ പ്രകാശ് രാജ് നടത്തിയ പ്രതികരണം വിവാദമായി. തമിഴ്നാട് രാഷ്ട്രീയം ഇപ്പോൾ ആരാധക കേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കാമരാജ് തോറ്റ മണ്ണാണിതെന്നും ഇപ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിനും പരാജയം നേരിട്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹം രാഷ്ട്രീയമായി പ്രബുദ്ധരാകുന്നതിനുപകരം ആരാധകവൃന്ദമായി ചുരുങ്ങുന്ന അവസ്ഥയാണെന്നതാണ് തന്റെ പ്രധാന ആശങ്കയെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നും ആ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് ആശംസകളും അദ്ദേഹം നേർന്നു.
അതേസമയം, പ്രകാശ് രാജിന്റെ പ്രതികരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. വിജയ് ആരാധകർ അദ്ദേഹത്തെ കടുത്ത ഭാഷയിൽ വിമർശിക്കുകയും തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ലെന്നുമാണ് ചിലരുടെ പ്രതികരണം. കർണാടകയിൽ താമസിക്കുന്ന അദ്ദേഹം തമിഴ്നാടിനെ കുറിച്ച് അഭിപ്രായം പറയുന്നതിനെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നു. മുൻ തെരഞ്ഞെടുപ്പ് പരാജയങ്ങളും ചിലർ ഓർമ്മിപ്പിച്ചു.
ഇതിനിടെ 234 അംഗ നിയമസഭയിൽ ടിവികെ 108 സീറ്റുകൾ നേടി വലിയ ഒറ്റകക്ഷിയായി മാറി. ഡിഎംകെ സഖ്യം 73 സീറ്റുകളും എഐഎഡിഎംകെ സഖ്യം 52 സീറ്റുകളും നേടി. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും വിജയിച്ചു. സിനിമാരംഗത്തെ പ്രമുഖർ വിജയ്‍ക്ക് അഭിനന്ദനങ്ങൾ നേർന്നു രംഗത്തെത്തി. രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, രശ്മിക മന്ദാന തുടങ്ങിയവർ ഉൾപ്പെടെയാണ് ആശംസകൾ അറിയിച്ചത്.




