Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അണികൾ പോലും തിരിഞ്ഞുകൊത്തിയപ്പോൾ… ചെങ്കോട്ടകൾ തകർത്ത് ഇലക്ഷൻ തൂക്കി ഇടത് വിമതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനും, പ്രത്യേകിച്ച് സിപിഎമ്മിനും ഒട്ടനവധി വിചിന്തനങ്ങളുടേയും തിരുത്തലുകളുടേയും തുടക്കം കൂടിയാണ്. പാർട്ടിയെന്നാൽ തലപ്പത്തിരിക്കുന്നവർ മാത്രമല്ലെന്നും താഴെത്തട്ടിൽ അഹോരാത്രം പണിയെടുക്കുന്ന പ്രവർത്തകരും അണികളും കേഡറുകളും ചേർന്നതും കൂടിയാണെന്നുമുള്ള ശക്തമായൊരു പ്രസ്താവന കൂടിയായി മാറിയിരിക്കുകയാണ് ഈ ഫലം. സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച അഞ്ച് സ്ഥാനാർത്ഥികളിൽ മൂന്ന് പേരും വിജയിച്ചു എന്നത് അത്ര നിസാരമായ കാര്യമല്ല. തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവുമായി ആറ് പേരാണ് സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികളായത്. അവരെ പാർട്ടി മാത്രമാണ് കൈവിട്ടതെന്നും ജനങ്ങൾ കൈവിട്ടില്ലായിരുന്നുവെന്നും ഇപ്പോൾ വ്യക്തമായി.

ജി സുധാകരൻ, അയിഷാ പോറ്റി, വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ, പി കെ ശശി, എന്നിവരാണ് സിപിഎം വിട്ട് കോൺഗ്രസ് സ്ഥാനാർത്ഥിയായും കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥിയായും മത്സരിച്ചത്. സുമ സുന്ദരശേൻ ബിജെപി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. ഇവരിൽ ജി സുധാകരൻ, വി കുഞ്ഞുകൃഷ്ണൻ, ടികെ ഗോവിന്ദൻ എന്നിവരാണ് പ്രധാനികൾ. സിപിഎമ്മിന്റെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിയാണ് മൂന്ന് പേരും വിജയിച്ചത്.

നേതൃത്വത്തെ അണികൾ തിരുത്തണം എന്നാണ് പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ തന്റെ പുസ്തകത്തിനിട്ട പേര്. അത് അക്ഷരാർത്ഥത്തിൽ സംഭവിച്ചു. നേതൃത്വത്തെ തിരുത്തണം എന്നത് അണികൾ ഒരു ആഹ്വാനംപോലെ ഏറ്റെടുത്തുവെന്നാണ് കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അതിൽ സി.പി.എമ്മിന്റെ ഉരുക്കുകോട്ടകൾ വരെ ഇളകിത്തകർന്നു. ഏത്‌ പ്രതിസന്ധിഘട്ടങ്ങളിലും സി.പി.എമ്മിനെ കൈവിടാതിരുന്ന പയ്യന്നൂരും തളിപ്പറമ്പും വരെ തോറ്റു. മഹാഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലങ്ങളിൽപോലും കിട്ടിയത് ശുഷ്കമായ ജയം. അണികൾ മാത്രമല്ല, പാർട്ടി അംഗങ്ങൾവരെ നിശ്ശബ്ദമായ അടിയൊഴുക്കിൽ പങ്കാളികളായെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് വ്യക്തമാകുന്നത്. ഇരുമണ്ഡലങ്ങളിലുമായി 5000ത്തിലധികം വോട്ടുകൾ നോട്ട നേടി എന്നത് അണികളുടെ പ്രതിഷേധത്തിന്റെ മറ്റൊരു പ്രതിഫലനമായാണ് കരുതുന്നത്.

ജില്ലയിലെ 11 സീറ്റുകളിൽ ഒൻപതും കഴിഞ്ഞതവണ ജയിച്ചത് എൽ.ഡി.എഫാണ്. പക്ഷേ ഇത്തവണ ആറിലൊതുങ്ങി. യു.ഡി.എഫ്. അഞ്ചിടത്ത് ജയിച്ച് ചരിത്രമെഴുതി. സി.പി.എം. ധർമടം, തലശ്ശേരി, കല്യാശ്ശേരി, മട്ടന്നൂർ, അഴീക്കോട് എന്നിവിടങ്ങളിൽ ജയിച്ചു. ആർ.ജെ.ഡി. നേരിയ ഭൂരിപക്ഷത്തിന് കൂത്തുപറമ്പ് നിലനിർത്തി. അഴീക്കോട് സി.പി.എമ്മിലെ സിറ്റിങ് എം.എൽ.എ. കെ.വി. സുമേഷ് വെറും 349 വോട്ടുകൾക്കാണ് കരപിടിച്ചത്.

സിപിഎം സ്ഥാനാർത്ഥിയായി നിന്ന് എംഎൽഎയും രണ്ട് വട്ടം മന്ത്രിയുമായ സംസ്ഥാന തല നേതാവാണ് ജി. സുധാകരൻ. ഒരു ടേമിലെ ഇടവേളയ്ക്ക് ശേഷം വീണ്ടും അമ്പലപ്പുഴയിൽ നിന്ന് കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുധാകരൻ സിപിഎമ്മിന്റെ സിറ്റിങ് എം എൽ എയായ സലാമിനെ തോൽപ്പിച്ചാണ് വിജയം നേടിയത്.

കണ്ണൂരിൽ ഇത്തവണ പതിനൊന്നും പിടിക്കും എന്നാണ് ഇടതുമുന്നണി അവകാശപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സി.പി.എം. വിട്ട് യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ച രണ്ടുപേരും ജയിച്ചത് പാർട്ടിക്ക് കനത്ത ആഘാതമായി. പയ്യന്നൂരിലെ വിമതൻ വി. കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലെ വിമതൻ ടി.കെ. ഗോവിന്ദനും വൻ വിജയമാണ് നേടിയത്. പയ്യന്നൂരിൽ കൊല്ലപ്പെട്ട സി.പി.എം. പ്രവർത്തകൻ ധനരാജിന്റെ രക്തസാക്ഷി കുടുംബസഹായ ഫണ്ട് മുക്കി എന്ന ആരോപണം ഉന്നയിച്ചാണ് കുഞ്ഞികൃഷ്ണൻ പരസ്യമായി രംഗത്തുവന്നത്. പയ്യന്നൂരിലെ സിറ്റിങ് എം.എൽ.എ. ടി.ഐ. മധുസൂദനനെതിരേയാണ് ആരോപണം ഉന്നയിച്ചത്. പിരിച്ച കാശിന്റെ കണക്ക് പറയാൻ സി.പി.എം. ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ചു. ഒടുവിൽ പുറത്തായ കുഞ്ഞികൃഷ്ണൻ മത്സരരംഗത്തെത്തി. യു.ഡി.എഫ്. പിന്തുണച്ചു. പക്ഷെ ചെങ്കോട്ടയെന്ന് കരുതപ്പെട്ടിരുന്ന പയ്യന്നൂരിൽ പാർട്ടി അണികൾ തന്നെ തിരിഞ്ഞുകൊത്തുകയായിരുന്നു. കുഞ്ഞികൃഷ്ണനെ സിപിഎം എതിരാളിയായി കണ്ടിരുന്നില്ല. ഫലം വന്നപ്പോൾ 7487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വി. കുഞ്ഞികൃഷ്ണൻ ജയിച്ചു. 40,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എം. വിജയിക്കുന്ന മണ്ഡലമായിരുന്നു ഇതെന്ന് കൂടി ഓർക്കണം.

അടുത്ത അട്ടിമറി നടന്ന് തളിപ്പറമ്പിലാണ്. ഇവിടെ സി.പി.എം. സ്ഥാനാർഥി പ്രഖ്യാപനമാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദനെ ചൊടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമെന്നായിരുന്നു ടി.കെ. ഗോവിന്ദന്റെ ആരോപണം. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹം പാർട്ടി വിട്ടു. തളിപ്പറമ്പിൽ മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ​അദ്ദേഹത്തേയും പാർട്ടി അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും മണ്ഡലം നിലനിർത്തുമെന്ന് സി.പി.എം. പ്രതീക്ഷിച്ചു. പക്ഷെ 12,551 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.കെ.ഗോവിന്ദൻ വിധി മാറ്റിയെഴുതി.

കൊട്ടാരക്കരയിൽ 1012 വോട്ടുകൾക്ക് മാത്രമാണ് സിപിഎം വിട്ട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച അയിഷാ പോറ്റി തോൽവി നേരിടേണ്ടിവന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി കനത്ത തോൽവി ഏറ്റുവാങ്ങിയത് സിപിഎം വിട്ട് കോൺഗ്രസിനൊപ്പം ഒറ്റപ്പാലം മണ്ഡലത്തിൽ മത്സരിച്ച പികെ ശശിയും വർക്കല മണ്ഡലത്തിൽ ബിജെപി കുപ്പായത്തിൽ ഇറങ്ങിയ സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിയായിരുന്ന സുന്ദരേശന്റെ മകളും ഏരിയ കമ്മിറ്റയംഗവുമായ സ്മിത സുന്ദരശേനുമാണ്.

എന്തായാലും വിമതർ പാർട്ടിക്ക് കൊടുത്തിരിക്കുന്നത് ഒരു ഷോക്കാണ്. അല്ലെങ്കിൽ കൃത്യമായൊരു മുന്നറിയിപ്പാണ്. പ്രാദേശിക വികാരങ്ങളും പ്രവർത്തകരുടെ താൽപര്യങ്ങളും അടിസ്ഥാന മൂല്യങ്ങളും വിട്ട് പുറത്തിറങ്ങിയാൽ ജനങ്ങൾ പ്രതികരിക്കും എന്ന മുന്നറിയിപ്പ്. അടുത്ത അഞ്ച് വർഷം ഇടതിന് തെറ്റുകൾ തിരുത്തി തിരിച്ചുവരാനുള്ള അവസരമാകട്ടെ.

Tags :

Recent News

Advertisement
WhiteswanTV Footer