ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുകാരനായ മകനെ വനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ബീഗംഗഞ്ച് സ്വദേശിയായ രാജേന്ദ്ര അഹിർ ആണ് പ്രതി. ഭാര്യ ജ്യോതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ജ്യോതിയെയും മകനെയും കൂട്ടി വീട്ടിൽ നിന്ന് പുറത്തുപോയ രാജേന്ദ്ര, ഹൈദർഗഡ് സമീപത്തെ വനപ്രദേശത്തേക്ക് കൊണ്ടുപോയതായാണ് പൊലീസ് പറയുന്നത്. ഇവിടെവെച്ച് കല്ലുകൊണ്ട് തലക്കടിച്ച് ജ്യോതിയെ കൊലപ്പെടുത്തുകയും, മകനെ വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
ജ്യോതിയും മകനും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഏകദേശം 10 മണിക്കൂറിന് ശേഷം കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയുടെ സ്വഭാവത്തെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.






