കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് (എം)യിൽ അസന്തോഷം ശക്തമാകുന്നു. പാർട്ടിയുടെ പരാജയത്തിന് കാരണം റോഷി അഗസ്റ്റിൻ ആണെന്നാണ് സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചത്.
മുന്നണി മാറ്റാനുള്ള അവസരം ഉണ്ടായിട്ടും അത് ഉപയോഗിച്ചില്ലെന്നും, ഇതോടെ പാർട്ടി വലിയ തിരിച്ചടി നേരിട്ടുവെന്നുമാണ് വിമർശനം. പാർട്ടി അണികൾക്കിടയിൽ റോഷിക്കെതിരെ അമർഷം ഉയരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അഴിമതിയടക്കമുള്ള ആരോപണങ്ങളും ഉയർത്തപ്പെട്ടിട്ടുണ്ട്.
ഇതിനിടെ പ്രമോദ് നാരായണനെതിരെയും വിമർശനം ഉയരുന്നു. യുഡിഎഫുമായി നടന്ന ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതായും, ഇതിലൂടെ മുഖ്യമന്ത്രി വിവരം അറിഞ്ഞ് റോഷിയെ വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തിയതായും ആരോപണം ഉയരുന്നു. ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിലും കേരള കോൺഗ്രസ് (എം) പരാജയപ്പെട്ടു. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തോറ്റു. ഇടുക്കിയിൽ റോഷി അഗസ്റ്റിനും പരാജയം ഏറ്റുവാങ്ങി.
യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്ന ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് പാർട്ടിക്ക് ഇപ്പോൾ നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരവും യുഡിഎഫ് തരംഗവും പ്രകടമായതോടെ പാർട്ടി വലിയ നഷ്ടം നേരിട്ടു.






