കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടും തുടർന്ന് രാഷ്ട്രീയ നാടകീയ രംഗങ്ങൾ. തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മമത ബാനർജി. ഈ തിരഞ്ഞെടുപ്പ് ഫലം യഥാർത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവർ ആരോപിക്കുന്നു.
ധാർമികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. പക്ഷേ സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് സംഭവിക്കാൻ പോകുന്നില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടില്ല, അത് അവരുടെ ബലപ്രയോഗമാണ്.’ മമത പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മമത ഉയർത്തിയത്. തന്റെ യഥാർത്ഥ എതിരാളി ബിജെപിയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്ന് മമത ആരോപിച്ചു.




