സുല്‍ത്താന്‍ ബത്തേരി: അന്തര്‍ സംസ്ഥാന ചെക്ക്‌പോസ്റ്റായ മുത്തങ്ങയില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കാറില്‍ കടത്തുകയായിരുന്ന 2 കോടിയിലധികം രൂപയുടെ കുഴല്‍പണമാണ് പിടിച്ചെടുത്തത്. സുല്‍ത്താന്‍ ബത്തേരി മുള്ളന്‍കുന്ന് കണ്ടാക്കോല്‍ വീട്ടില്‍ അര്‍ഷാദ് (44), കൊടുവള്ളി മദ്രസ ബസാര്‍ പിലാത്തോട്ടത്തില്‍ വീട്ടില്‍ പി.ടി. ഇസ്മായില്‍ (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
ഇന്നലെ വൈകിട്ട് മുത്തങ്ങ തകരപ്പാടിയിലെ ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കര്‍ണാടക ഭാഗത്തുനിന്ന് എത്തിയ കെ.എ 51 എം.യു 5173 നമ്പര്‍ കാറിലാണ് പണം ഒളിപ്പിച്ചിരുന്നത്. കാറിന്റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിന് സമീപം പ്രത്യേകമായി നിര്‍മിച്ച അറകളില്‍ ഒളിപ്പിച്ച നിലയില്‍ 2,27,43,000 രൂപയാണ് കണ്ടെത്തിയത്. പണവും കാറും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ബത്തേരി സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീകാന്ത് എസ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.




