ജിനീവ: നെതർലൻഡ്‌സ് ആസ്ഥാനമായുള്ള എംവി ഹോണ്ടിയസ് ക്രൂസ് കപ്പലിൽ ഹാന്റാ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പുതുതായി ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കപ്പലിലെ ആകെ ഹാന്റാ വൈറസ് കേസുകൾ എട്ടായി. ഇതിൽ മൂന്ന് പേർ മരണപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ബാധിച്ചിരിക്കുന്നത് ഹാന്റാ വൈറസിന്റെ അപൂർവ വകഭേദമായ ‘ആൻഡെസ്’ വൈറസാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ച സ്വിസ് പൗരൻ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരനുമായി കപ്പൽ കമ്പനി ഇമെയിൽ വഴി ബന്ധപ്പെടുന്നതിനിടെയാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് സ്വിസ് അധികൃതർ സ്ഥിരീകരണം നൽകിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗവ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ പ്രകാരം കോൺടാക്ട് ട്രെയ്‌സിങ് ആരംഭിച്ചതായി WHO വ്യക്തമാക്കി. രോഗബാധിതരാകാൻ സാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കാനും കൂടുതൽ വ്യാപനം തടയാനുമാണ് നടപടി. ആഗോള തലത്തിൽ ആരോഗ്യ ഏജൻസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് WHO മുന്നറിയിപ്പ് നൽകി.




