തിരുവനന്തപുരം: പി.എസ്.സി. പരീക്ഷയിൽ ഹൈടെക് രീതിയിൽ കോപ്പിയടി നടത്തിയ ഉദ്യോഗാർഥിയും സഹായിയും പോലീസ് പിടിയിൽ. തിരുവനന്തപുരം മുല്ലൂർ സ്വദേശിയായ അനീഷ് ബാബു (33)യും സുഹൃത്ത് അരുൺ (28) ആണ് പിടിയിലായത്. കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കിയിട്ടുണ്ടെങ്കിലും, അനീഷ് രണ്ട് സ്മാർട്ട് ഫോണും ക്യാമറയുള്ള ബ്ലൂടൂത്തും ഒളിപ്പിച്ച് കൊണ്ടുവന്നു.
പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ മൊബൈലിൽ പകർത്തി പുറത്തുണ്ടായിരുന്ന സുഹൃത്തിന് അയച്ചുനൽകി. തുടർന്ന് അരുൺ ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയും അനീഷ് ബ്ലൂടൂത്ത് ഉപകരണം ഉപയോഗിച്ച് കേട്ടെഴുതുകയും ചെയ്തു. സംശയം തോന്നിയ ഇൻവിജിലേറ്റർ പരിശോധന നടത്തുന്നതിനിടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഫോർട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്കു മുമ്പ് കണ്ണൂർ ജില്ലയിലും സമാനമായ കോപ്പിയടി സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.




