കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ സിദ്ദിഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വിജയത്തിന് പിന്നിൽ വി.ഡി. സതീശനിലുള്ള ജനവിശ്വാസമാണ് പ്രധാന കാരണമെന്ന് സിദ്ദിഖ് പറഞ്ഞു. പിണറായി വിജയന്റെ സർക്കാരിനെതിരായ ജനവിരുദ്ധ വികാരത്തിനൊപ്പം ശക്തമായ നേതൃത്വവും വിജയത്തിന് കാരണമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സാമുദായിക നേതാവിനും വഴങ്ങാത്ത, നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന നേതാവാണ് വി.ഡി. സതീശനെന്ന് സിദ്ദിഖ് പറഞ്ഞു. അദ്ദേഹം തന്നെയാകും അടുത്ത മുഖ്യമന്ത്രിയെന്ന് സാധാരണ ജനങ്ങൾ വിശ്വസിച്ചിരുന്നുവെന്നും ആ വിശ്വാസം തകർക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധികാര പോരാട്ടത്തിലൂടെയോ ഗ്രൂപ്പ് കളികളിലൂടെയോ മറ്റാരെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരരുതെന്നും അങ്ങനെ സംഭവിച്ചാൽ ജനങ്ങൾ അംഗീകരിക്കില്ലെന്നും സിദ്ദിഖ് മുന്നറിയിപ്പ് നൽകി.വി.ഡി. സതീശനെ ഒഴികെ മറ്റാരെയും മുഖ്യമന്ത്രിയായി ചിന്തിക്കാനാവില്ലെന്നും, കോൺഗ്രസ് നേതൃത്വം ജനങ്ങളുടെ ആഗ്രഹം മനസ്സിലാക്കി തീരുമാനം എടുക്കണമെന്നും സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.




