തൃശൂർ: ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നിലവിൽ അവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് വിവരം.
രണ്ടര വർഷം മുൻപ് അരയ്ക്കുതാഴെ തളർന്നുപോയ ഇവർ തുടർച്ചയായ ചികിത്സയിലാണ്. ആറുമാസം കൂടുമ്പോൾ നടത്തേണ്ട പരിശോധനക്കും ഇഞ്ചക്ഷനും വേണ്ടി ഏപ്രിൽ 16-ന് ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇവരെ പിന്നീട് നടത്തിയ രക്തപരിശോധനയിൽ രോഗബാധ കണ്ടെത്തുകയായിരുന്നു. ഇതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു.
മലിനജലാശയങ്ങളിൽ കുളിക്കുന്നതിലൂടെ സാധാരണയായി പകരുന്ന രോഗമാണിത്. എന്നാൽ ഇവർ അത്തരം സാഹചര്യങ്ങളിൽ കുളിച്ചിട്ടില്ലെന്നാണ് വിവരം. ഇതിനെക്കുറിച്ച് ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകി. രോഗിയുടെ വാർഡിലെ വീടുകളിൽ ആരോഗ്യവകുപ്പ് സംഘവും പഞ്ചായത്തും ചേർന്ന് സന്ദർശനം നടത്തി ബോധവത്കരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്യുകയും ഉച്ചഭാഷിണി വഴി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പ്രദേശത്തെ ജലസ്രോതസ്സുകളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
അമീബിക് മസ്തിഷ്കജ്വരം നേഗ്ലെറിയ ഫൗലേറി ഉൾപ്പെടെയുള്ള അമീബ വിഭാഗങ്ങൾ തലച്ചോറിനെ ബാധിക്കുന്നതിലൂടെ ഉണ്ടാകുന്ന അപൂർവവും അതീവ ഗുരുതരവുമായ രോഗമാണ്. മലിനജലത്തിൽ മുങ്ങിക്കുളിക്കൽ, നീന്തൽ തുടങ്ങിയവ മുഖേന മൂക്കിലൂടെ അമീബ ശരീരത്തിൽ പ്രവേശിക്കാം. രോഗബാധ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
തീവ്ര തലവേദന, പനി, ഛർദ്ദി, കഴുത്ത് വേദന, വെളിച്ചത്തോട് അസഹിഷ്ണുത തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ബോധക്ഷയം, അപസ്മാരം എന്നിവയും ഉണ്ടാകാം. ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
പ്രതിരോധത്തിന് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കുക, നീന്തൽക്കുളങ്ങളിൽ ശരിയായ ക്ലോറിനേഷൻ ഉറപ്പാക്കുക, കിണറുകൾ നിശ്ചിത ഇടവേളകളിൽ ശുദ്ധീകരിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.




