കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ പരാമർശം നടത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് ലീഗ് രംഗത്ത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിലാണ് കുഴൽനാടനെതിരെ പരിഹാസവും വിമർശനവും ഉന്നയിച്ചുകൊണ്ട് യൂത്ത് ലീഗ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. “കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട” എന്ന ശക്തമായ വാചകങ്ങളാണ് ബോർഡിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിനുപുറമെ, തെരഞ്ഞെടുപ്പ് ഗോദയിൽ പടനയിച്ചവർ തന്നെ ഭരിക്കട്ടെ എന്ന നിലപാടും ബോർഡിലൂടെ പ്രവർത്തകർ ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലുള്ള ലീഗിന്റെ ഇടപെടലുകളെ ചോദ്യം ചെയ്ത കുഴൽനാടന്റെ നിലപാടിന് മറുപടിയായാണ് ഈ പ്രതിഷേധം.
സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായ സാഹചര്യത്തിലാണ് മാത്യു കുഴൽനാടൻ മുസ്ലിം ലീഗിനെതിരെ രംഗത്തെത്തിയത്. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും സമാനമായ രീതിയിലുള്ള സമീപനം തിരിച്ചും ഉണ്ടാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മുന്നണിയിലെ പരസ്പര ധാരണയോടു കൂടി വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ ഈ പരാമർശം ലീഗ് പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയത്. തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തെയും മുന്നണിയിലെ പങ്കിനെയും കുറച്ചുകാണുന്ന തരത്തിലുള്ള പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യൂത്ത് ലീഗ്. കണ്ണൂരിൽ ഉയർന്ന പ്രതിഷേധ ബോർഡുകൾ വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിലെ വാക്പോരുകൾക്ക് വീണ്ടും തിരികൊളുത്താൻ സാധ്യതയുണ്ട്.






