കോഴിക്കോട്: കല്ലായി പാലത്തിന് സമീപം ഫുട്പാത്തിൽ ഉറങ്ങിക്കിടന്നിരുന്ന ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഏഴുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. അപകടം നടന്നത് ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ്. തമിഴ്നാട്ടിലെ കടലൂർ സ്വദേശികളായ രാമയ്യ, വീരയ്യ, ധനലക്ഷ്മി, അയ്യമ്മ, അരുമകണ്ണൻ, ശക്തിവേൽ, കാമിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ രാമയ്യയുടെ പരിക്ക് ഗുരുതരമാണ്. കാലിലെ എല്ലുകളും താടിയെല്ലും വാരിയെല്ലും ഒടിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് ശേഷം കാർ നിർത്താതെ പോയെങ്കിലും മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ പിന്തുടർന്ന് കാർ തടഞ്ഞു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫർസാനും ആദിൽ ഷാനും കാറിലുണ്ടായിരുന്നു. ഇവരെ പൊലീസ് നോട്ടീസ് നൽകി വിട്ടയച്ചു.
പരിക്കേറ്റവരിൽ നിന്ന് മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം കാറിലുണ്ടായിരുന്നവരെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കാറിൽ നിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.






