ചെന്നൈ: തമിഴ്നാട്ടിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‍യുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു. ലോക് ഭവനിലെത്തി വിജയ് വീണ്ടും ഗവർണറെ കണ്ടെങ്കിലും 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് വേണമെന്ന നിലപാട് ഗവർണർ ആവർത്തിച്ചു. ഗവർണർ നിലപാട് കടുപ്പിച്ചതോടെ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടിവികെ. ഗവർണറുടെ ഈ തീരുമാനം തമിഴ്‌നാട്ടിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
അതേസമയം ഗവർണറുടെ നിലപാടിൽ പാർട്ടിയുടെ ഇടപെടൽ നിഷേധിച്ച് ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ തിരഞ്ഞെടുപ്പുകൾ ജനാധിപത്യപരമായി നടക്കുന്നു. വിജയ്‌ക്ക് കൂടുതൽ സീറ്റുകൾ ലഭിച്ചിട്ടുണ്ട്. എല്ലാം ജനാധിപത്യപരമായി നടക്കും. പാർട്ടിയ്ക്ക് എങ്ങനെ സമ്മർദ്ദം ചെലുത്താൻ കഴിയും? ഇതെല്ലാം രാഷ്ട്രീയ പ്രചാരണങ്ങളാണ് എന്നാണ് ബിജെപിയുടെ പ്രതികരണം. സഖ്യകക്ഷികളെ തേടുന്നതിനിടെ പുതിയ സർക്കാരിനെ കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ബിജെപിയുടെ വിശദീകരണം വരുന്നത്.






