കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട തിരിച്ചടിക്കിടെ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തൃണമൂൽ അധ്യക്ഷ മമത ബാനർജിയെ സന്ദർശിച്ചു. കൊൽക്കത്തയിലെ മമത ബാനർജിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയും പങ്കെടുത്തു.
“ദീദി, നിങ്ങൾ തോറ്റിട്ടില്ല. വളരെ ശക്തമായ പോരാട്ടമാണ് നടത്തിയത്” എന്ന് അഖിലേഷ് യാദവ് മമതയോട് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷമുള്ള പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യവും ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യ സഖ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മമത ബാനർജി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ മമത ബാനർജി തയ്യാറായിട്ടില്ലെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന നിലപാട് തുടരുന്ന മമത, തന്നെ പുറത്താക്കണമെങ്കിൽ നിയമപരമായ നടപടികളിലൂടെ മാത്രമേ അതിന് സാധിക്കൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അവർ എംഎൽഎമാരുടെ യോഗത്തിൽ പറഞ്ഞിരുന്നു.
ഇതിനിടെ, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹായിയായിരുന്ന ചന്ദ്രനാഥ് റാഥിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുകയാണ്. ബുധനാഴ്ച രാത്രി ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവം ആസൂത്രിത ആക്രമണമാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു. തന്റെ അടുത്ത അനുയായി ആയതിനാലും ഭവാനിപുരിൽ മമത ബാനർജിയെ തോൽപ്പിച്ചതിനാലുമാണ് ചന്ദ്രനാഥ് ലക്ഷ്യമാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.






