തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ കെ.സി. വേണുഗോപാലിന് മത്സരിക്കാൻ ആലപ്പുഴ സീറ്റ് ഒഴിഞ്ഞുകൊടുക്കാമെന്ന് നിയുക്ത എംഎൽഎ എ.ഡി. തോമസ്. കോൺഗ്രസിൽ ബൂത്ത് പ്രസിഡന്റ് മുതൽ എഐസിസി വരെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തന്റെ അഭിപ്രായവും നിരീക്ഷകർക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആലപ്പുഴയിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പാർട്ടി പറയുന്നത് അനുസരിക്കുകയാണ് പ്രവർത്തകരുടെ ഉത്തരവാദിത്വമെന്നും എ.ഡി. തോമസ് പ്രതികരിച്ചു. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാൻ താൻ വലിയ നേതാവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാണ്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ പക്ഷങ്ങൾ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിലാണ്. എംഎൽഎമാരുടെ പിന്തുണയിൽ കെ.സി. പക്ഷത്തിന് മുൻതൂക്കമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും, കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരുമായി നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചകളിൽ ആ കണക്കുകൾ മാറിയെന്നാണ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങളുടെ വാദം.
കെ.സി. പക്ഷം അവകാശപ്പെട്ട 40-ലധികം എംഎൽഎമാരുടെ പിന്തുണ ശരിയല്ലെന്നാണ് എതിർപക്ഷങ്ങൾ പറയുന്നത്. വി.ഡി. സതീശൻ പക്ഷം 30 മുതൽ 35 വരെ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് അവകാശപ്പെടുന്നത്. രമേശ് ചെന്നിത്തല പക്ഷം 23 പേരുടെ പിന്തുണയുണ്ടെന്നും വ്യക്തമാക്കുന്നു.
ഇതിനിടെ, മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്ത പക്ഷം വി.ഡി. സതീശൻ മന്ത്രിയാകില്ലെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരമൊരു നിലപാട് നിരീക്ഷകരെ അറിയിച്ചിട്ടില്ലെന്ന് വി.ഡി. പക്ഷം പിന്നീട് വിശദീകരിച്ചു. മുഖ്യമന്ത്രിയാകാത്ത പക്ഷം മന്ത്രിയാകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, അത്തരം കാര്യങ്ങൾ പൊതുവേദികളിൽ പറയേണ്ടതല്ലെന്നുമാണ് വിശദീകരണം.






