കൊച്ചി: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കൊല്ലം ചാത്തന്നൂർ സ്വദേശി രാഹുൽ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28) എന്നിവരെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ എതിർവശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് സംഭവം നടന്നത്. രാത്രി ഏകദേശം 9 മണിയോടെ മഴയിൽ നിന്ന് രക്ഷപ്പെടാനായി സുഹൃത്തുക്കളായ യുവാവും യുവതിയും കെട്ടിടത്തിനുള്ളിൽ കയറിയപ്പോഴാണ് സംഭവം. അപ്പോൾ കെട്ടിടത്തിനുള്ളിൽ മദ്യപിച്ചിരിക്കുകയായിരുന്ന പ്രതികൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു.
പ്രതികൾ യുവാവിനെ മർദിക്കുകയും കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പോലീസ് പറയുന്നു. ഇതിനെതിരെ പ്രതികരിച്ച യുവതി പ്രതികളിൽ ഒരാളുടെ കൈയിൽ കടിച്ച ശേഷം ആൺസുഹൃത്തോടൊപ്പം ഓടി രക്ഷപ്പെട്ടു. ഇരുവരും ഉടൻതന്നെ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികൾ ഓടി രക്ഷപ്പെട്ടതായി കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾ ഉപയോഗിച്ച ബൈക്കിനെ കേന്ദ്രീകരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
കെട്ടിടത്തിൽ സിസിടിവി ഇല്ലായിരുന്നതാണ് അന്വേഷണത്തിന് തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടാക്കിയത്. പ്രതികൾ പലപ്പോഴും ആളൊഴിഞ്ഞ വീടുകളിൽ താമസിക്കുന്നവരാണെന്നും ഇരുവരുടെയും പേരിൽ പത്തിലേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.






