ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ കടുപ്പമാകുന്നു. ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ ടിവികെയുടെ എല്ലാ എംഎൽഎമാരും രാജിവെക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. സർക്കാർ രൂപവത്കരിക്കാൻ അവകാശവാദം ഉന്നയിച്ച ടിവികെയെ ആവശ്യമായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ക്ഷണിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ നിർണായക ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെയാണ് ടിവികെയുടെ ശക്തമായ പ്രതികരണം.
234 അംഗ നിയമസഭയിൽ ടിവികെയ്ക്ക് 108 എംഎൽഎമാരുടെ പിന്തുണയുണ്ട്. നടൻ വിജയ് ജയിച്ച രണ്ട് സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ രൂപീകരിക്കാൻ 118 അംഗങ്ങളുടെ പിന്തുണ വേണം. കോൺഗ്രസ് പിന്തുണ നൽകിയതോടെ ടിവികെയ്ക്ക് അഞ്ച് എംഎൽഎമാരുടെ അധിക പിന്തുണ ലഭിച്ചെങ്കിലും ഭൂരിപക്ഷം തികയ്ക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. 118 എംഎൽഎമാരുടെ പിന്തുണക്കത്ത് നൽകിയാൽ മാത്രമേ സർക്കാർ രൂപവത്കരണത്തിന് ക്ഷണിക്കൂ എന്ന നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.
ഡിഎംകെയ്ക്ക് 59 എംഎൽഎമാരും എഐഎഡിഎംകെയ്ക്ക് 47 എംഎൽഎമാരുമാണുള്ളത്. ഇതിനിടെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്ന എഐഎഡിഎംകെ എംഎൽഎമാരിൽ പലരും തമിഴ്നാട്ടിലേക്ക് മടങ്ങിയതായും റിപ്പോർട്ടുണ്ട്. പാർട്ടി യോഗങ്ങൾക്ക് ശേഷമാണ് ഇവർ മടങ്ങിയത്.
അതേസമയം, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും ഗവർണറും വിജയിനെ സർക്കാർ രൂപവത്കരണത്തിന് ക്ഷണിക്കാത്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തമിഴ്നാട് കോൺഗ്രസ് ആഹ്വാനം ചെയ്തു.






