കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിന് പിന്തുണയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ രംഗത്ത്. വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിപദത്തിന് ഏറ്റവും യോഗ്യൻ കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ലെന്നും രണ്ടുമൂന്ന് തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൊതുപ്രവർത്തകനായ വേണുഗോപാലിന് പാവങ്ങളോടുള്ള കരുണയും ജനങ്ങളോട് അടുപ്പവും ഉണ്ടെന്ന് പത്മനാഭൻ പറഞ്ഞു. പാർലമെന്റിലടക്കം കഴിവ് തെളിയിച്ച നേതാവാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനാണ് കെ.സി. വേണുഗോപാൽ എന്നും ടി. പത്മനാഭൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി വേണുഗോപാൽ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിവിന്റെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി വേണുഗോപാലിനെ അടുത്ത സഹപ്രവർത്തകനായി സ്വീകരിച്ചതെന്നും ഇത് അദ്ദേഹത്തിന്റെ വലിയ ശക്തിയാണെന്നും പത്മനാഭൻ പറഞ്ഞു.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ എം.പി സ്ഥാനം രാജിവെക്കേണ്ടി വരും, അതിനാൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും എന്ന വിമർശനത്തെയും അദ്ദേഹം തള്ളി. സംസ്ഥാനത്ത് പല കാര്യങ്ങൾക്കും വലിയ തുക ചെലവഴിക്കുന്ന സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ചെലവ് ചെറിയതാണെന്നും അതിൽ വലിയ പ്രശ്നമില്ലെന്നും ടി. പത്മനാഭൻ വ്യക്തമാക്കി.






