തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു. പഴ്സനൽ സ്റ്റാഫുകൾ മന്ത്രിമാരുടെ ഓഫിസിൽ നിന്നു വീണ്ടും ഫയലുകൾ നീക്കുന്നത് തുടരുകയാണ്. ഉന്നത വിദ്യാഭ്യാസം, മൃഗസംരക്ഷണം, പൊതുമരാമത്ത്, കൃഷി , പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് വളപ്പിനു പുറത്തെ അനെക്സ് രണ്ടിൽ നിന്നാണ് കൂട്ടത്തോടെ ഫയലുകൾ വാഹനങ്ങളിൽ കൊണ്ടുപോയത്.
മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ നിന്നുള്ള ഫയലുകൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ തന്നെ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനു ശേഷം മുൻ തീയതി രേഖപ്പെടുത്തി സർക്കാർ ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇ ഓഫിസ് സംവിധാനം ഒഴിവാക്കിയാണ് ഇതിനുള്ള ഫയൽ നീക്കങ്ങൾ നടത്തിയത്. പുതിയ സർക്കാർ വന്നതിന് ശേഷം ഇതിനെതിരെ അന്വേഷണം നടന്നേക്കാം. സെക്രട്ടേറിയറ്റിൽ ഇന്നലെ എല്ലാ മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിന്റെയും ബോർഡുകൾ നീക്കുകയും അവയിലെ പേരുകൾ മായ്ക്കുകയും ചെയ്തു.






